ചെന്നൈ: മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ പ്രസംഗം സർക്കാർ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. കരൂർ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ സ്കൂളിലെ പ്രധാനാധ്യാപിക മല്ലികയെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്.
ഗുരുതരമായ ചട്ടലംഘനമാണ് അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സ്കൂളുകൾ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കായി ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു.
വിജയ്യുടെ പ്രസംഗം സ്കൂളിലെ കുട്ടികൾ കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.
മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ജോസഫ് വിജയ് കരൂർ സന്ദർശിച്ചത്. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുന്ന ഉത്തരവ് കൈമാറുന്നതിനായാണ് വിജയ് എത്തിയത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് റോഡ് ഷോയായാണ് അദ്ദേഹം കരൂരിലെത്തിയത്.
സന്ദർശനത്തിനിടെ പൊലീസിനും മുൻ സർക്കാരിനുമെതിരെ വിജയ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. 2025 സെപ്റ്റംബറിൽ 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നും സംഭവം രാഷ്ട്രീയ ചതിയാണെന്നും വിജയ് ആരോപിച്ചു.
ആൾക്കൂട്ടം നിയന്ത്രണാതീതമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി കൈക്കൂലി നൽകില്ലെന്ന് ജനങ്ങൾ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി സ്മാരകം നിർമിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.











