കോഴിക്കോട്: കോഴിക്കോട് മുണ്ടിക്കൽ താഴത്ത് കടം നൽകിയ പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു. പരിക്കേറ്റ സന്ദീപും ശബരിയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സന്ദീപിന് മുഖത്തും ശബരിക്ക് കൈയ്ക്കുമാണ് പരിക്കേറ്റത്.
ചെലവൂർ സ്വദേശി രാജു, തിരുവനന്തപുരം സ്വദേശിയും ചെലവൂരിൽ വാടകയ്ക്ക് താമസിക്കുന്ന രാജന് പണം കടം നൽകിയിരുന്നു. ഈ തുക തിരികെ വാങ്ങുന്നതിനായി സന്ദീപിനെയും ശബരിയെയും രാജു അയച്ചതായാണ് പൊലീസ് പറയുന്നത്.
പണം ആവശ്യപ്പെട്ടെത്തിയ ഇരുവരുമായി വാക്കേറ്റമുണ്ടാകുകയും തുടർന്ന് രാജൻ കത്തിവീശി ആക്രമിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ പരിക്കേറ്റതായി പരാതിപ്പെട്ട രാജനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇയാൾ നിലവിൽ മെഡിക്കൽ കോളജ് പൊലീസിന്റെ നിരീക്ഷണത്തിലാണ്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.




