മലപ്പുറം: മണ്ണാര്‍ക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങില്‍ വിദ്യാര്‍ഥികളെ അപമാനിച്ചെന്നാരോപണത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. സംഭവത്തില്‍ തനിക്ക് എതിരെ തനിക്ക് എതിരെ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തതിന് പിന്നാലെയാണ് കെടി ജലീലിന്റെ വിശദീകരണം. കുട്ടികളെ കാണുമ്പോള്‍ പൊതുപ്രവര്‍ത്തകന്‍ എന്നതിനെക്കാള്‍ തന്നിലെ അധ്യാപകനാണ് ഉയര്‍ന്നു നില്‍ക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകള്‍ക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്. അതേ മണ്ണാര്‍ക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂര്‍ണ്ണമായും കണ്ടാല്‍ അത് ബോധ്യമാകുമെന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയില്‍ പിടിച്ചു എന്നത് ശരിയാണ്. അപ്പോള്‍ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലറര്‍ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. ഞാന്‍ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെന്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാല്‍ അതു മനസ്സിലാക്കാം.
കുട്ടികള്‍ക്ക് പിശകുകള്‍ സംഭവിച്ചാല്‍ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കലാണ് മുതിര്‍ന്നവരുടെ ചുമതല. പ്രത്യേകിച്ച് അധ്യാപകരുടെ. അല്ലെങ്കില്‍ അവര്‍ എത്ര വളര്‍ന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുക. ഇതൊന്നും മനസ്സിലാകാത്തവരല്ല എംഎസ്എഫുകാര്‍. പാലക്കാട് ജില്ലയില്‍ നടന്ന ഒരു കാര്യത്തില്‍ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്‌കാരം’ – ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.




