കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സമയത്തിൽ മാറ്റം. കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് രാത്രി ഏഴിന് പുറപ്പെടേണ്ടിയിരുന്ന വിമാനം നാളെ പുലർച്ചെ 2.30നാകും പുറപ്പെടുക. രാത്രി 8.30ന് പുറപ്പെടേണ്ട ദമാം വിമാനം രാത്രി 10 മണിയിലേക്ക് മാറ്റി. രാത്രി 10 മണിക്ക് പുറപ്പെടേണ്ട ബഹ്റൈൻ വിമാനം നാളെ രാവിലെ എട്ട് മണിയോടെയാകും സർവീസ് നടത്തുക.
വിമാനങ്ങളുടെ സമയമാറ്റം മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ഖേദം അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് പുതുക്കിയ സമയ വിവരങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.


