ന്യൂഡല്‍ഹി: കേരളത്തിൽ കപ്പൽനിർമാണ മേഖലയിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം ടാറ്റ ഗ്രൂപ്പ് തള്ളി. കേരളത്തിൽ മാത്രമല്ല, നിലവിൽ രാജ്യത്ത് ഒരിടത്തും പുതിയ കപ്പൽനിർമാണശാല സ്ഥാപിക്കാനോ അത്തരമൊരു പദ്ധതിയിൽ നിക്ഷേപിക്കാനോ ടാറ്റ ഗ്രൂപ്പിന് പദ്ധതിയില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഇക്കാര്യം ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് കേരളത്തിൽ കപ്പൽനിർമാണ പദ്ധതിക്കായി ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി തേടിയതായി മുഖ്യമന്ത്രി പറഞ്ഞത്. സർക്കാരിന്റെ പരിഗണനയിലുള്ള ഈ പദ്ധതിക്ക് ഒരു മാസത്തിനകം അനുമതി നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും പദ്ധതിക്കായി ആവശ്യമായ സ്ഥലം വിട്ടുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നീട് മാരിടൈം സെമിനാറിലും മുഖ്യമന്ത്രി ഇതേ അവകാശവാദം ആവർത്തിച്ചു.
കേരളത്തെ സമുദ്രാധിഷ്ഠിത വ്യവസായ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ‘മിഷൻ സമുദ്ര’ പദ്ധതിയാണ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. വിഴിഞ്ഞത്ത് മദർഷിപ്പ് നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി കപ്പൽശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപ താൽപര്യം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ നിലവിൽ കപ്പൽനിർമാണവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളൊന്നും ടാറ്റ ഗ്രൂപ്പിന്റെ പരിഗണനയിലില്ലെന്ന് കമ്പനി വ്യക്തമാക്കിയതോടെ വിഷയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുങ്ങി.











