ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം നടത്തുന്നവർക്ക് പിന്തുണ അറിയിച്ച് നാഗാലാൻഡ് സ്വദേശിയായ ഷാ ലൂവ് 150 പിസ ഓൺലൈനായി ഓർഡർ ചെയ്ത് നൽകി. ഇതിനായി അദ്ദേഹം 67,734 രൂപ ചെലവഴിച്ചു. ഡൊമിനോസിൽ നിന്ന് സൊമാറ്റോ വഴിയാണ് ഫാംഹൗസ് ചീസ് ബസ്റ്റ് പിസകൾ ഓർഡർ ചെയ്തത്. സമരവേദിയിൽ ഭക്ഷണം കഴിക്കാത്ത എല്ലാവർക്കും പിസ വിതരണം ചെയ്യണമെന്ന് ഡെലിവറി ജീവനക്കാരനോട് അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടതായും അറിയിച്ചു. സംഭവത്തെക്കുറിച്ച് ഷാ ലൂവ് ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. സമരത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാലാണ് ഇത്തരത്തിൽ പിന്തുണ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
“ജന്തർ മന്തറിൽ വിദ്യാർഥികൾ മെച്ചപ്പെട്ട ഭാവിക്കും ന്യായമായ വിദ്യാഭ്യാസത്തിനുമായി സമരം ചെയ്യുകയാണ്. അവർക്കൊപ്പം നേരിട്ട് നിൽക്കാൻ കഴിയാത്തതിനാൽ ഇത്രയെങ്കിലും ചെയ്യണമെന്ന് തോന്നി,” എന്നാണ് ഷാ ലൂവിന്റെ പ്രതികരണം.
ഷാ ലൂവിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. അദ്ദേഹത്തിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മനുഷ്യത്വത്തിന്റെ നല്ല മാതൃകയാണിതെന്നാണ് പലരും അഭിപ്രായപ്പെട്ടത്.




