ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കൊച്ചുമകളും മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകളുമായ കയൽവിഴിക്കെതിരെ ബാങ്ക് മാനേജറെ മർദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെന്നൈ അടയാറിലെ എസ്ബിഐ എൻആർഐ ശാഖാ മാനേജറെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ജൂലൈ 20-നാണ് സംഭവം നടന്നത്. ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങളിലാണ് മാനേജറുടെ ഓഫീസിനുള്ളിൽ വച്ച് കയൽവിഴി അദ്ദേഹവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മുഖത്തടിക്കുകയും ചെയ്യുന്നതായി കാണുന്നത്. തർക്കത്തിനിടെ സമീപത്തുണ്ടായിരുന്ന ഒരാൾ കയൽവിഴിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കെട്ടിടത്തിലെ ലിഫ്റ്റിന്റെ പ്രവർത്തനത്തകരാറിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. എസ്ബിഐ ശാഖ പ്രവർത്തിക്കുന്ന കെട്ടിടം കയൽവിഴിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കയൽവിഴിക്കെതിരെ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ബാങ്ക് മാനേജറെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.











