തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും അതിതീവ്ര മഴ മുന്നറിയിപ്പുകളും തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാരും തദ്ദേശസ്വയംഭരണ വകുപ്പും പൂർണ സജ്ജമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. മഴക്കെടുതി വിലയിരുത്താനും തുടർനടപടികൾ ഏകോപിപ്പിക്കാനുമായി ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ അടിയന്തര അവലോകന യോഗവും ചേർന്നു.
സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയോഗിക്കാനും നിർദേശം നൽകി. വാർഡ് തല ദുരന്തനിവാരണ സമിതികളും എമർജൻസി റെസ്പോൺസ് ടീമുകളും സജീവമാക്കി അപകടസാധ്യതയുള്ള മേഖലകളിൽ നിരീക്ഷണം ശക്തമാക്കും.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, തീരദേശ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാനും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, കുട്ടികൾ, ഗുരുതര രോഗികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ആവശ്യമായാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മുൻകൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും.
ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ ആവശ്യമായ കെട്ടിടങ്ങൾ മുൻകൂട്ടി സജ്ജമാക്കാനും ക്യാമ്പുകളിൽ വൈദ്യുതി, കുടിവെള്ളം, ശുചിമുറി, ഭക്ഷണം, ആരോഗ്യപരിരക്ഷ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അനുവദിച്ച തുക അടിയന്തരമായി വിനിയോഗിക്കണമെന്നും നിർദേശിച്ചു.
അതോടൊപ്പം ഓടകൾ, കലുങ്കുകൾ, മഴവെള്ളച്ചാലുകൾ എന്നിവ ശുചീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനും അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും നീക്കം ചെയ്യാനും നിർദേശമുണ്ട്. കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷനും വെള്ളപ്പൊക്കാനന്തര ശുചീകരണവും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സമയബന്ധിതമായി പൂർത്തിയാക്കും.
ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, കെ.എസ്.ഇ.ബി., ആരോഗ്യവകുപ്പ്, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് സംയുക്ത പ്രവർത്തനം ശക്തമാക്കുമെന്നും രക്ഷാപ്രവർത്തനത്തിനാവശ്യമായ ബോട്ടുകൾ, ജെ.സി.ബി., ജനറേറ്ററുകൾ, പമ്പ് സെറ്റുകൾ, ചെയിൻസോകൾ എന്നിവ പ്രാദേശികതലത്തിൽ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. കുടുംബശ്രീ, സന്നദ്ധപ്രവർത്തകർ, യുവജന സംഘടനകൾ എന്നിവരുടെ സേവനവും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വിനിയോഗിക്കും.
മഴക്കെടുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യസമയത്ത് സർക്കാരിനെ അറിയിക്കാനും ജീവഹാനി, ആളുകളെ ഒഴിപ്പിക്കൽ, ദുരിതാശ്വാസ ക്യാമ്പുകൾ, നാശനഷ്ടങ്ങൾ തുടങ്ങിയ വിവരങ്ങൾ കാലതാമസം കൂടാതെ റിപ്പോർട്ട് ചെയ്യാനും തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ കർശനമായി പാലിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അഭ്യർഥിച്ചു.




