മലപ്പുറം: ചായ കുടിച്ച ശേഷം പണം ചോദിച്ചതിലുള്ള തർക്കത്തെ തുടർന്ന് വയോധികൻ നടത്തുന്ന തട്ടുകടയിൽ അതിക്രമിച്ച് കയറി കട തകർക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത യുവാവിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ പറവണ്ണ സ്വദേശിയായ റബീഹ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പറവണ്ണ മസ്ജിദിന് സമീപം 65 വയസ്സുള്ള വയോധികൻ നടത്തുന്ന തട്ടുകടയിലാണ് സംഭവം.
പൊലീസ് പറയുന്നതനുസരിച്ച്, ചായ കുടിച്ച ശേഷം പണം ആവശ്യപ്പെട്ടതോടെ റബീഹ് പ്രകോപിതനായി കടയിൽ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് കടയിലുണ്ടായിരുന്ന പലഹാരങ്ങൾ, ഗ്ലാസുകൾ, കസേരകൾ തുടങ്ങിയ സാധനങ്ങൾ അടിച്ചുതകർത്തു.
ആക്രമണത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും വയോധികനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റബീഹ് കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട ആളാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.











