ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിൽ കേരളത്തിലെത്തും. ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമ കൂടിയായ ഗെയിൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കേരള സന്ദർശന വിവരം ആരാധകരുമായി പങ്കുവെച്ചത്.
‘യൂണിവേഴ്സ് ബോസ്’ എന്നറിയപ്പെടുന്ന ക്രിസ് ഗെയിൽ, ടീമിനെ പിന്തുണയ്ക്കാനും കെസിഎൽ മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും ആരാധകരോട് സ്റ്റേഡിയത്തിലെത്താൻ ആഹ്വാനം ചെയ്തു.
കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും നേരത്തെ പ്രഖ്യാപിച്ചത് ക്രിസ് ഗെയിലായിരുന്നു.
ഗെയിലിന്റെ കേരള സന്ദർശനം ടീമിനും ആരാധകർക്കും അഭിമാനകരമായ നിമിഷമാണെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. ടീമിനോടുള്ള ഗെയിലിന്റെ പിന്തുണയും ആരാധകരുമായുള്ള ബന്ധവും ആഗോള തലത്തിൽ ടീമിന്റെ വളർച്ചയ്ക്ക് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെസിഎൽ മൂന്നാം സീസണിന് കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്നതായിരിക്കും ക്രിസ് ഗെയിലിന്റെ സാന്നിധ്യമെന്നാണ് വിലയിരുത്തൽ. ലോക ക്രിക്കറ്റിലെ ഇതിഹാസ താരത്തെ നേരിൽ കാണാനുള്ള അവസരമാണ് ഇതിലൂടെ കേരളത്തിലെ ആരാധകർക്ക് ലഭിക്കുന്നത്.




