ബെംഗളൂരു: ഗോവ–മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെംഗളൂരുവിലേക്ക് നീട്ടി. നവംബർ 13 മുതൽ മഡ്ഗാവ്–യശ്വന്ത്പൂർ റൂട്ടിൽ വന്ദേഭാരത് സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13ന് പുതിയ സർവീസ് രാജ്യത്തിന് സമർപ്പിക്കും.
ആഴ്ചയിൽ ആറുദിവസം ഇരുദിശകളിലേക്കും ട്രെയിൻ സർവീസ് നടത്തും. ബെംഗളൂരുവിൽനിന്ന് ബുധനാഴ്ചയും ഗോവയിൽനിന്ന് വ്യാഴാഴ്ചയും സർവീസ് ഉണ്ടായിരിക്കില്ല.
യശ്വന്ത്പൂരിൽനിന്ന് രാവിലെ 7.35ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.55ന് മഡ്ഗാവിൽ എത്തും. മഡ്ഗാവിൽനിന്ന് രാവിലെ 8.20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9.15ന് യശ്വന്ത്പൂരിലെത്തും.
ശ്രാവണബെലഗോള, ഹാസൻ, സക്ലേഷ്പുർ, സുബ്രഹ്മണ്യ റോഡ്, കബക്കാപുത്തൂർ, മംഗളൂരു ജങ്ഷൻ, തൊക്കൂർ, ഉഡുപ്പി, കുന്താപുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ, ഗോകർണ റോഡ്, കാർവാർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
മണിക്കൂറിൽ ശരാശരി 54 കിലോമീറ്റർ മാത്രമായിരിക്കും ട്രെയിനിന്റെ വേഗത. ഇതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ ശരാശരി വേഗതയുള്ള വന്ദേഭാരത് സർവീസുകളിലൊന്നായി ഇത് മാറും.
നേരത്തെ ഗോവ–മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഈ ആവശ്യം പരിഗണിക്കാതെ മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നീട്ടാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.


