കൊല്ലം: മെഡിസെപ് പദ്ധതി പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇൻഷുറൻസ് കമ്പനിക്കു പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരിൽ നിന്നും പണം വാങ്ങിയിട്ടും പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാക്കാതെയാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിസെപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആശുപത്രികളുടെ പട്ടികയിൽ കണ്ണാശുപത്രികളാണ് കൂടുതലുള്ളത്. ഇത് കണ്ടാൽ നേത്രചികിത്സയ്ക്ക് മാത്രമുള്ള പദ്ധതിയാണെന്നു തോന്നിപ്പോകുമെന്നും മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു. കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ.




