മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുടെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐയും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും. സെപ്റ്റംബർ 13, 15, 17 തീയതികളിലായി ദില്ലിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. അഫ്ഗാനിസ്ഥാന്റെ ഹോം സീരീസായാണ് പരമ്പര സംഘടിപ്പിക്കുന്നത്.
ഈ വർഷം ജൂണിൽ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് പിന്നാലെയാണ് ടി20 പരമ്പര. ഇതോടെ ഈ വർഷത്തെ ഇന്ത്യ–അഫ്ഗാനിസ്ഥാൻ ദ്വിരാഷ്ട്ര പരമ്പരയ്ക്ക് സമാപനമാകും.
അതേസമയം, അഫ്ഗാൻ പരമ്പരയുടെ തീയതികൾ പ്രഖ്യാപിച്ചതോടെ ഇതേ കാലയളവിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും അനിശ്ചിതത്വത്തിലായി. രാഷ്ട്രീയ സാഹചര്യങ്ങളും ഇരു ക്രിക്കറ്റ് ബോർഡുകൾക്കുമിടയിലെ തർക്കങ്ങളും ചൂണ്ടിക്കാട്ടിയാണ് നേരത്തെ പരമ്പര മാറ്റിവെച്ചത്.
പരമ്പര പുനരാരംഭിക്കുന്നതിനായി ബംഗ്ലാദേശിന്റെ പുതിയ സർക്കാരും കായിക മന്ത്രാലയവും നയതന്ത്രതലത്തിൽ ശ്രമങ്ങൾ തുടരുന്നുണ്ടെന്നാണ് വിവരം. എന്നാൽ സെപ്റ്റംബറിലെ ബിസിസിഐ കലണ്ടറിൽ അഫ്ഗാനിസ്ഥാൻ പരമ്പര ഇടംപിടിച്ചതോടെ ഇന്ത്യ–ബംഗ്ലാദേശ് പരമ്പരയുടെ കാര്യത്തിൽ ആശങ്ക വർധിച്ചു.
ബംഗ്ലാദേശിന്റെ ഭാഗത്തുനിന്നുള്ള നിർദേശങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമേ ബിസിസിഐ പരിഗണിക്കൂ എന്നാണ് സൂചന. ഇരു സർക്കാരുകളും തമ്മിലുള്ള അന്തിമ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യ–ബംഗ്ലാദേശ് പരമ്പരയുടെ ഭാവി.




