കോട്ടയം: മരണാനന്തരം തന്റെ 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനായ നോട്ടോയിൽ ഇതിനായി രജിസ്റ്റർ ചെയ്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിഷ ഇക്കാര്യം അറിയിച്ചത്.
തന്റെ മരണം മറ്റൊരാളുടെ ജീവിതത്തിന് പുതിയ തുടക്കമാകട്ടെയെന്ന് നിഷ പറഞ്ഞു. മരണം വെറുമൊരു വിടവാങ്ങലായി അവസാനിക്കാതെ മറ്റൊരാളുടെ ജീവിതത്തിന് തുടർച്ചയാകണമെന്നാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി.
ഹൃദയം, കണ്ണുകൾ, വൃക്ക, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളും ടിഷ്യൂകളും ദാനം ചെയ്യാനുള്ള സമ്മതമാണ് നൽകിയിരിക്കുന്നത്. തന്റെ ശരീരം മണ്ണിലേക്ക് മടങ്ങുന്നതിന് മുമ്പ് കഴിയുന്നത്ര ആളുകൾക്ക് ജീവിതം നൽകാനാകട്ടെയെന്നും നിഷ കുറിച്ചു.
മകളുടെ ജീവിതത്തിൽ തന്റെ ശരീരത്തിന്റെ അഭാവം ഉണ്ടാകാമെങ്കിലും തന്റെ സ്നേഹം ഒരിക്കലും നഷ്ടമാകില്ലെന്നും നിഷ പറഞ്ഞു. 14 അവയവങ്ങൾ, 14 ജീവിതസാധ്യതകൾ എന്ന സന്ദേശത്തോടെയാണ് നിഷ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.




