ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ നടത്തിയ ഡിജിറ്റൽ, ബയോമെട്രിക് നിരീക്ഷണം ചോദ്യം ചെയ്ത് എഎ റഹീം എംപി സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുമാണ് കോടതി നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സിജെപി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പ്രതിഷേധക്കാരുടെ മുഖവിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ മുഖവിവരങ്ങൾ ശേഖരിക്കാൻ ഡൽഹി പൊലീസിന് നിയമപരമായ അധികാരമില്ലെന്നാണ് ഹർജിക്കാരന്റെ വാദം. തെറ്റായ ബയോമെട്രിക് മാച്ചുകൾ നിരപരാധികളെ കേസുകളിൽ ഉൾപ്പെടുത്താൻ ഇടയാക്കുമെന്നും സ്വകാര്യ കമ്പനികൾക്ക് ഇത്തരം വിവരങ്ങൾ ലഭിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നു.
ഡൽഹി പൊലീസിന്റെ ബയോമെട്രിക് നിരീക്ഷണം തടയണമെന്നും എഎ റഹീം ആവശ്യപ്പെട്ടു. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് എംപിക്കായി പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പമായിരിക്കും ഹർജി സുപ്രീംകോടതി ഇനി പരിഗണിക്കുക.












