തിരുവനന്തപുരം: തീർഥാടകർക്കും യാത്രക്കാർക്കും ആശ്വാസമായി തിരുവനന്തപുരം–വേളാങ്കണ്ണി റൂട്ടിൽ പുതിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് സർവീസ് ആരംഭിക്കുന്നു. വെട്ടുകാട് പള്ളി വഴിയുള്ള പുതിയ സർവീസ് ഓഗസ്റ്റ് 14 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. കഴിഞ്ഞ മാസം ആരംഭിച്ച തിരുവനന്തപുരം–വേളാങ്കണ്ണി സൂപ്പർ ഫാസ്റ്റ് സർവീസിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.
വിഴിഞ്ഞം, പൂവാർ, കളിയിക്കാവിള, നാഗർകോവിൽ, തിരുനെൽവേലി, മധുര, ട്രിച്ചി, തഞ്ചാവൂർ വഴിയാണ് ബസ് വേളാങ്കണ്ണിയിലെത്തുക. വെള്ളിയാഴ്ച വൈകിട്ട് ആറിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് രാത്രി 10.20ന് തിരുനെൽവേലിയിലും പുലർച്ചെ ഒന്നിന് മധുരയിലും 3.10ന് ട്രിച്ചിയിലും 4.20ന് തഞ്ചാവൂരിലും എത്തും. രാവിലെ 6.30നാണ് വേളാങ്കണ്ണിയിലെത്തുക.
തിരികെ ശനിയാഴ്ച വൈകിട്ട് ആറിന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 6.15ന് തിരുവനന്തപുരത്ത് സർവീസ് അവസാനിപ്പിക്കും. തഞ്ചാവൂർ, ട്രിച്ചി, മധുര, തിരുനെൽവേലി, നാഗർകോവിൽ, കളിയിക്കാവിള, പൂവാർ, വിഴിഞ്ഞം, വെട്ടുകാട് പള്ളി എന്നിവിടങ്ങളിലൂടെയാണ് മടക്കയാത്ര.
യാത്രക്കാർക്ക് ‘Ente KSRTC Neo-OPRS’ മൊബൈൽ ആപ്പ് വഴിയും കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. പുതിയ സൂപ്പർ ഡീലക്സ് സർവീസിന്റെ നിരക്ക് 835 രൂപയാണ്. അതേസമയം, നിലവിലെ സൂപ്പർ ഫാസ്റ്റ് സർവീസിന് 538 രൂപയാണ് നിരക്ക്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും തിരുവനന്തപുരം–വേളാങ്കണ്ണി സൂപ്പർ ഫാസ്റ്റ് സർവീസും നിലവിലുണ്ട്. ആദ്യ സർവീസുകൾക്ക് ലഭിക്കുന്ന പ്രതികരണം വിലയിരുത്തി കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.




