കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഇടക്കാല അനുമതി നൽകി. പ്ലാന്റിന് പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു. പ്ലാന്റ് പ്രവർത്തിക്കുന്ന സമയത്ത് വീണ്ടും പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി.
പ്ലാന്റിൽ നിന്ന് അറവുമാലിന്യം പുഴയിലേക്ക് ഒഴുക്കിയതിന് തെളിവില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. അതേസമയം, പ്ലാന്റ് അടച്ചുപൂട്ടാനുള്ള നടപടികളുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
പ്ലാന്റ് അടച്ചുപൂട്ടുന്നതിന് മുമ്പ് പൊല്യൂഷൻ കൺട്രോൾ ബോർഡും ശുചിത്വ മിഷനും വിശദമായ പരിശോധന നടത്തണമെന്ന് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ ശുപാർശകൾ പരിഗണിക്കാതെ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകിയെന്നാണ് ആരോപണം.
കനത്ത മഴയെ തുടർന്ന് ഇരുതുള്ളിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതും പ്ലാന്റിനുള്ളിൽ വെള്ളം കയറിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഓഗസ്റ്റ് ഒന്നിനും രണ്ടിനും സ്ഥലത്ത് പരിശോധന നടത്തിയെന്നും പുഴയിലെ വെള്ളത്തിന്റെ നിറത്തിൽ മാറ്റം കണ്ടതായും റിപ്പോർട്ടിൽ പറയുന്നു.
പ്ലാന്റിൽ നിന്നുള്ള മലിനീകരണം സംബന്ധിച്ച് പൊല്യൂഷൻ കൺട്രോൾ ബോർഡും ശുചിത്വ മിഷനും വിശദമായ പരിശോധന നടത്തണമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ ശുപാർശ. എന്നാൽ ഇത് അവഗണിച്ച് നൽകിയ സ്റ്റോപ്പ് മെമ്മോയാണ് പിന്നീട് ഹൈക്കോടതി നടപടിക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. ഇതിനിടെ, പ്ലാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.



