കൊച്ചി: നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യ (24) ആണ് മരിച്ചത്. സംഭവത്തിൽ ആൺസുഹൃത്ത് ഷിബിനെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഇരുകൈകളിലും പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ഷിബിന്റെ വീട്ടിലെത്തിയ സുരമ്യയും ഇയാളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഷിബിൻ കത്തികൊണ്ട് സുരമ്യയെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ വടക്കേക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണവും സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.












