ആലപ്പുഴ: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു. പുന്നപ്രയിലെ ബിരിയാണി വ്യാപാരിയായ വണ്ടാനം മഠത്തിൽ പറമ്പിൽ ബഷീർ (74) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. ചിങ്ങോലിയിലെ മകളുടെ വീട്ടിൽ പോയി വണ്ടാനത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബഷീർ സഞ്ചരിച്ച സ്കൂട്ടറിൽ ഇൻസുലേറ്റഡ് കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: നൗഷാദ്, ഷൈബത്ത്. മരുമക്കൾ: മാരിയത്ത്, ഷാഹുൽ ഹമീദ്. മൃതശരീരം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പുന്നപ്ര ഷറഫുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.


