കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപന ഉടമകൾ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി. ജില്ലയിലെ മൂന്ന് എംഎൽഎമാരും ചർച്ചയിൽ പങ്കെടുത്തു.
പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള വഴികൾ ചർച്ച ചെയ്തെങ്കിലും നാട്ടുകാർക്കെതിരെ നൽകിയ കേസുകൾ പിൻവലിക്കണമെന്ന സമരസമിതിയുടെ പ്രധാന ആവശ്യത്തിൽ ധാരണയായില്ല. കേസുകൾ പിൻവലിക്കുന്നതിൽ വ്യക്തമായ തീരുമാനം ഉണ്ടാകാത്തതിനാൽ വിഷയത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം, ചർച്ചകൾ തുടരുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഫ്രഷ് കട്ട് ശാശ്വത പരിഹാരത്തിനുള്ള നിർദേശം സമർപ്പിച്ചാൽ സർക്കാർ അത് പരിഗണിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത് ജനങ്ങളുടെ പ്രശ്നമായതിനാലാണ് സർക്കാർ ഇടപെട്ടതെന്നും എല്ലാവരും യോജിച്ച് പ്രശ്നപരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ഫ്രഷ് കട്ട് വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കാൻ എംഎൽഎമാർ ശ്രമിക്കുന്നുണ്ടെന്നും സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.




