തിരുവനന്തപുരം: മാർത്താണ്ഡത്ത് സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജി (21) ആണ് മരിച്ചത്. നഴ്സിങ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കോളേജ് അധ്യാപകരിൽനിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തിൽനിന്നാണ് കഴിഞ്ഞദിവസം അൻസിജി ചാടിയത്. കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന അൻസിജി ഉൾപ്പെടെയുള്ള വിദ്യാർഥികൾ മോശം ഭക്ഷണത്തെച്ചൊല്ലി ഏതാനും മാസങ്ങൾക്ക് മുമ്പ് സമരം നടത്തിയിരുന്നു. തുടർന്ന് സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ കോളേജ് ഹോസ്റ്റലിൽനിന്ന് പുറത്താക്കിയിരുന്നു.
പിന്നീട് സ്വകാര്യ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന വിദ്യാർഥികളെ അധ്യാപകരും മാനേജ്മെന്റ് അധികൃതരും മാനസികമായി പീഡിപ്പിച്ചിരുന്നതായി ആരോപിച്ച് അൻസിജിയുടെ രക്ഷിതാക്കൾ കരിങ്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.
കെട്ടിടത്തിൽനിന്ന് വീണ് കൈകാലുകൾക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ അൻസിജിയെ ആദ്യം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം, വിദ്യാർഥിനി കോളേജിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്നും കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.
കോളേജ് പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരിങ്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)




