കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക സാക്ഷികളെ കോടതിയിൽ ഹാജരാക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന വിമർശനം മുസ്ലിം ലീഗിൽ ശക്തമാകുന്നു. സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെ വിട്ട സാഹചര്യമാണ് പാർട്ടിക്കുള്ളിൽ തർക്കത്തിന് വഴിവച്ചത്. കേസിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു.
എം.എസ്.എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പ്രതികൾക്ക് ശിക്ഷ ലഭിച്ചെങ്കിലും ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും ടി.വി. രാജേഷിനും കേസിൽനിന്ന് ഒഴിവാകാനായത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽവെച്ച് ഇരുവരുടെയും നേതൃത്വത്തിൽ ഷുക്കൂറിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
ഷുക്കൂറിനെ കൈകാര്യം ചെയ്യണമെന്ന് നേതാക്കൾ നിർദേശം നൽകുന്നത് കേട്ടെന്നായിരുന്നു സാക്ഷികളായ മുഹമ്മദ് സാബിറിന്റെയും പി.പി. അബൂവിന്റെയും മൊഴി. എന്നാൽ, കേസിലെ നിർണായക സാക്ഷികളായ ഇരുവരും സി.ബി.ഐ കോടതിയിൽ ഹാജരായില്ല. ഇതാണ് പാർട്ടി നേതൃത്വത്തിന്റെ വീഴ്ചയെന്ന വിമർശനവുമായി ഒരു വിഭാഗം പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്. സി.പി.എം നേതാക്കളുമായി ചിലർ ഒത്തുതീർപ്പുണ്ടാക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്.
കേസ് വിചാരണ നടന്നത് സി.പി.എം ഭരണകാലത്തായിരുന്നുവെന്നും നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.
അതേസമയം, സി.പി.എം ഭീഷണിയെ തുടർന്നാണ് രണ്ട് സാക്ഷികളും കോടതിയിൽ ഹാജരാകാതിരുന്നതെന്നാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. മേൽക്കോടതിയെ സമീപിച്ച് കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും നേതൃത്വം വ്യക്തമാക്കി.
തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചെലേരി പൊലീസിൽ പരാതി നൽകി. ഷുക്കൂർ വധക്കേസിലെ വിധിയുടെ പേരിൽ പാർട്ടി പ്രവർത്തകർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു.


