തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ബെവ്‌കോ ജീവനക്കാർക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഇത്തവണയും ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന പരമാവധി ബോണസ്. പരമാവധി ബോണസ് തുകയായി 1,05,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,500 രൂപയുടെ വർധനവാണിത്.
ബോണസ് തുകയിൽ നിന്ന് 50,000 രൂപ വരെ അഡ്വാൻസായി നൽകാനും തീരുമാനമായി. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ബോണസ് സംബന്ധിച്ച തീരുമാനം.
എംപ്ലോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6,250 രൂപയാക്കി. സീപ്പർമാർക്ക് 6,750 രൂപയും നൽകും. ബെവ്‌കോ ഹെഡ് ഓഫീസിലെയും വെയർഹൗസുകളിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപ ബോണസായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷവും ബെവ്‌കോ ജീവനക്കാർക്ക് റെക്കോർഡ് ബോണസാണ് ഓണത്തിന് ലഭിച്ചത്. സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ബോണസ്. ഇത്തവണ അത് 1,05,000 രൂപയായി ഉയർത്തിയതോടെ ജീവനക്കാർക്ക് കൂടുതൽ തുക ലഭിക്കും.


