ചെന്നൈ: തമിഴ്‌നാട്ടിലെ ഓരോ എംഎൽഎമാർക്കും പുതിയ കാർ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിനുമാണ് പുതിയ തീരുമാനം എന്നാണ് സർക്കാർ വിശദീകരണം.
എംഎൽഎമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്തതിനാൽ മണ്ഡലങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വിസികെ എംഎൽഎ ജോതിമണി നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുതിയ പ്രഖ്യാപനം നടത്തിയത്.
ഓരോ എംഎൽഎയ്ക്കും കാർ അനുവദിക്കുന്നതിനൊപ്പം ഡ്രൈവറുടെ ശമ്പളവും വാഹനവുമായി ബന്ധപ്പെട്ട ചെലവുകളും വഹിക്കുന്നതിനായി പ്രതിമാസം 75,000 രൂപ അലവൻസും നൽകും. കൂടാതെ ഓരോ എംഎൽഎ ഓഫീസിലും അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി പ്രതിമാസം 25,000 രൂപയും സർക്കാർ അനുവദിക്കും.
മുനിസിപ്പൽ, യൂണിയൻ ചെയർപേഴ്സൺമാർക്കും മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്കും ഔദ്യോഗിക വാഹനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും എംഎൽഎമാർക്ക് സമാന സൗകര്യം ഇല്ലെന്നായിരുന്നു ജോതിമണിയുടെ പരാതി. വിഷയം നിയമസഭയിൽ ഉന്നയിച്ച് ദിവസങ്ങൾക്കുള്ളിലാണ് സർക്കാർ നടപടി പ്രഖ്യാപിച്ചത്.
നേരത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇത്തരം ആവശ്യങ്ങൾ സർക്കാർ നിരസിച്ചിരുന്നുവെന്ന് മുതിർന്ന ഡിഎംകെ എംഎൽഎയും വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ മണ്ഡലങ്ങളിലേക്ക് എത്തുന്നതിന് വാഹന സൗകര്യത്തിന്റെ അഭാവം തടസ്സമാകുന്നുണ്ടെന്നും എംഎൽഎമാർ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രഖ്യാപനത്തിന് പിന്നാലെ ടിവികെ എംഎൽഎ സിന്ധു ഗാനം ആലപിച്ച് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. നടനും മുൻ മുഖ്യമന്ത്രിയുമായ എംജിആർ അഭിനയിച്ച ‘കൊടുത്തതെല്ലാം കൊടുത്താൻ’ എന്ന ഗാനമാണ് എംഎൽഎ ആലപിച്ചത്.
അതേസമയം, സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നടപടികളും സർക്കാർ പ്രഖ്യാപിച്ചു. ആരോഗ്യപ്രവർത്തകരുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 6,098 അധിക സീറ്റുകളാണ് പ്രഖ്യാപിച്ചത്. നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകളും ഇതിൽ ഉൾപ്പെടും. കൂടാതെ ഏഴ് പുതിയ നഴ്‌സിങ് കോളേജുകൾ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.


