തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമൂഹത്തിന്റെ ഐക്യവും മതേതരത്വവും നിലനിർത്താൻ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് ജി. സുകുമാരൻ നായരെന്ന് തിരുവഞ്ചൂർ പറഞ്ഞു.
വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ വേണ്ടി അദ്ദേഹം ഒരിക്കലും പദവി ഉപയോഗിച്ചിട്ടില്ലെന്നും സമുദായ താൽപര്യം മുൻനിർത്തിയാണ് പ്രവർത്തിച്ചതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. സുകുമാരൻ നായർ ജനറൽ സെക്രട്ടറിയായ കാലയളവിൽ എൻഎസ്എസിന്റെ ആസ്തിവകകൾ പലമടങ്ങ് വർധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻഎസ്എസ് സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിലും സുകുമാരൻ നായർ ശ്രദ്ധ ചെലുത്തിയതായി തിരുവഞ്ചൂർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സംഘടനയ്ക്കുള്ളിലെ ഛിദ്രശക്തികളെ അകറ്റിനിർത്താനും അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
അടുത്തിടെ മുൻമന്ത്രി ഗണേഷ് കുമാറും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിൽ പരസ്യമായ വാക്പോര് നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.


