തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിന് പിന്നാലെ തിരുവനന്തപുരം റെയിൽവേ ഡിവിഷനും വിഭജിക്കാൻ കേന്ദ്രത്തിൻ്റെ നീക്കം. നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേയിൽ ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം.
നാഗർകോവിൽ ജംഗ്ഷൻ, കന്യാകുമാരി തുടങ്ങിയ പ്രധാന സ്റ്റേഷനുകൾക്കൊപ്പം നേമത്തിനും നാഗർകോവിലിനും ഇടയിലുള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിന് പിന്നിൽ തമിഴ്നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മർദ്ദമുണ്ടെന്നാണ് സൂചന. നാഗർകോവിൽ കേന്ദ്രീകരിച്ച് പ്രത്യേക ഡിവിഷൻ രൂപീകരിക്കുന്നതിലേക്ക് റെയിൽവേ ഉടൻ നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
നാഗർകോവിൽ ജംഗ്ഷൻ, നേമം, കന്യാകുമാരി എന്നിവ തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മാറ്റുന്നത് കേരളത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഡിവിഷൻ വിഭജിക്കുന്നത് കേരളത്തിന്റെ റെയിൽവേ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നും വരുമാനത്തിൽ വലിയ നഷ്ടമുണ്ടാകുമെന്നും ആശങ്കയുണ്ട്.
കന്യാകുമാരി, നാഗർകോവിൽ സ്റ്റേഷനുകൾ തിരുവനന്തപുരം ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ്. ഇവ നഷ്ടപ്പെടുന്നത് ഡിവിഷന്റെ സാമ്പത്തിക നിലയെയും ഭാവിയിലെ വികസന പദ്ധതികളെയും ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിലും കേരളം സമാനമായ ആശങ്കകൾ കേന്ദ്രത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരം ഡിവിഷനെയും വിഭജിക്കാനുള്ള നീക്കമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തെ ഇത് എത്രത്തോളം ബാധിക്കുമെന്നതിൽ ആശങ്ക ശക്തമാകുകയാണ്.











