ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 270 ആയി ഉയർന്നു. കേരളത്തിൽ നിന്നുള്ള 33 പേരുമായി ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് മേഖലയിലും ഏകദേശം 200 പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിലാണ് സ്ഥിതിഗതികൾ വിശദീകരിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. ഇഷ ഫൗണ്ടേഷൻ വഴി നേപ്പാളിലെത്തിയവരിൽ ഇന്ത്യൻ വംശജരും ഉൾപ്പെടുന്നുണ്ട്.
ദുരന്തബാധിത മേഖലകളിലേക്ക് ഇന്ത്യ 47.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ബെയ്ലി പാലങ്ങൾ ഒരുക്കുന്നതിനും ഇന്ത്യ സഹായം നൽകും. എന്നാൽ പ്രളയത്തിൽ മരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നേപ്പാൾ പ്രളയമേഖലയിൽ കുടുങ്ങിയ മലയാളികളുമായി ആശയവിനിമയം സാധ്യമാകാത്ത സാഹചര്യത്തിൽ അവരുടെ വിവരങ്ങൾ മന്ത്രാലയം തേടിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകിയ കണക്കുകൾ പ്രകാരം 53 പേരുമായി ഇനിയും ബന്ധപ്പെടാനായിട്ടില്ല.
അതേസമയം, നേപ്പാളിൽനിന്നുള്ള ദുരന്തത്തിന്റെ ഭീകര ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു ഗ്രാമം തന്നെ പ്രളയത്തിൽ ഒലിച്ചുപോകുന്നത് നേരിട്ട് കണ്ടതായി നേപ്പാളിലുള്ള മലയാളി ട്രാവൽ വ്ലോഗർ ആൽവിൻ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അണക്കെട്ട് തകർന്നതിനെ തുടർന്നുണ്ടായ സാഹചര്യം നടുക്കുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ബന്ധപ്പെട്ട 150ഓളം മലയാളികൾ സുരക്ഷിതരാണെന്നും ആൽവിൻ വ്യക്തമാക്കി. അദ്ദേഹം പകർത്തിയ ദൃശ്യങ്ങൾ നേപ്പാളിലെ പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്.











