ഭോപ്പാൽ: ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് 9.8 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെ ചന്ദേരി പൊലീസാണ് തൃപ്തി സിംഗ് രാജ്പുത്, സഹോദരൻ സുധാംശു രാജ്പുത് എന്നിവരെ അറസ്റ്റ് ചെയ്തത്.
മധ്യപ്രദേശ് ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടറും മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ മേധാവിയുമാണെന്ന് അവകാശപ്പെട്ടാണ് തൃപ്തി സിംഗ് രാജ്പുത് ഇരകളെ സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് മൂന്ന് ലക്ഷം രൂപ വീതമാണ് പ്രതികൾ ആവശ്യപ്പെട്ടിരുന്നത്.
2025 ഏപ്രിൽ ഏഴിന് ചന്ദേരിയിൽ വെച്ച് തട്ടിപ്പിനിരയായവർ പ്രതികൾക്ക് 9.8 ലക്ഷം രൂപയും ഔദ്യോഗിക രേഖകളും കൈമാറിയിരുന്നു. ബാക്കി രണ്ട് ലക്ഷം രൂപ പിന്നീട് നൽകാമെന്നായിരുന്നു ധാരണ.
മൂന്ന് മാസം മുമ്പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അശോക് നഗർ എസ്പി രാജീവ് മിശ്രയുടെ നിർദേശപ്രകാരം, പുതിയ ജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പ്രതികളെ വീണ്ടും ചന്ദേരിയിലേക്ക് വിളിച്ചുവരുത്താൻ പൊലീസ് പരാതിക്കാരോട് ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ചന്ദേരിയിലെത്തിയ തൃപ്തിയെയും സഹോദരനെയും പൊലീസ് തന്ത്രപൂർവം അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ പ്രതികളുടെ കൂട്ടാളികളായ തനുജ് ബൈശ്യ, അഞ്ജലി സിംഗ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളിൽ നിന്ന് വിലകൂടിയ മൊബൈൽ ഫോണുകളും ഒരു കാറും പിടിച്ചെടുത്തു.
തുടർ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ഭോപ്പാലിലെ ഒളിസങ്കേതങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.




