മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് തേടി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാഹനത്തിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നേരിട്ട ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഷൗക്കത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഫിറ്റ്നസിനായി ഏജന്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്നും കുറിപ്പിലുണ്ടായിരുന്നു.
തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പരിശോധിച്ചേക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


