കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയങ്ങളെയും ഭരണപരമായ മികവുകളെയും പ്രശംസിച്ച് നടൻ ടിനി ടോം. വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അവിടെയുള്ള പ്രവാസികളായ മലയാളികളുമായി സംസാരിക്കാറുണ്ട്. പ്രധാനമന്ത്രിയുടെ ഇടപെടലുകൾ കാരണം അവരുടെ ജീവിതത്തിലും സമീപനങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അവർ പറയാറുണ്ട്. ആ അർഥത്തിൽ ഭരണാധികാരി എന്ന നിലയിൽ മോദിജി നമുക്ക് അഭിമാനമാണ്- ടിനി ടോം പറഞ്ഞു.
അതേസമയം താൻ രാഹുൽ ഗാന്ധിയുടെ ഫോളവറാണെന്നും ടിനി വ്യക്തമാക്കി. തന്റേത് കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബമാണെന്നും എന്നാൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം നല്ല കാര്യങ്ങളെ അഭിനന്ദിക്കാൻ മടി കാണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഗാലറി വിഷൻ മീഡിയ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.


