തൃശൂർ: എയിംസുമായി ബന്ധപ്പെട്ട മുൻ പ്രതികരണത്തിൽ നിലപാട് മാറ്റി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്ന സുരേഷ് ഗോപിയുടെ പുതിയ വാദമാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചിരിക്കുന്നത്.
“തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ല. എല്ലാ പ്രസംഗങ്ങളും പരിശോധിക്കാം. തെരഞ്ഞെടുപ്പിന് ശേഷമാണ് എയിംസ് തൃശൂരിന് അനുയോജ്യമാണെന്ന് പറയുന്നത്. കേരള സർക്കാർ വിചാരിച്ചാൽ മാത്രമേ എയിംസ് തൃശൂരിൽ വരൂ,” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
എയിംസിനായി തൃശൂരിൽ വിവിധ സ്ഥലങ്ങൾ പരിഗണിക്കാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മറ്റത്തൂർ പഞ്ചായത്തിൽ 400 ഏക്കർ സ്ഥലമുണ്ടെന്നും മണ്ണുത്തിയിലും പൊലീസ് അക്കാദമിയിലും ഉപയോഗപ്പെടുത്താൻ കഴിയുന്ന ഭൂമിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എയിംസ് വിഷയത്തിൽ കഴിഞ്ഞ സർക്കാർ വിമുഖത കാട്ടിയിരുന്നുവെന്നും നിലവിലെ സർക്കാർ അത്തരമൊരു നിലപാട് സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു. എംഎൽഎമാർ ഉൾപ്പെടെ എല്ലാവരും ഒത്തുപിടിച്ചാൽ എയിംസിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് എയിംസിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന സുരേഷ് ഗോപിയുടെ അവകാശവാദമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തൃശൂരിൽ മത്സരിക്കാനെത്തുന്നതിന് മുൻപ് തന്നെ എയിംസ് വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിച്ചിട്ടുണ്ടെന്നതാണ് ഇതിന് കാരണം.
എയിംസ് ആലപ്പുഴയിൽ വേണമെന്നായിരുന്നു സുരേഷ് ഗോപി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. “എയിംസ് വരും കേട്ടോ മറ്റേ മോനേ” എന്ന അദ്ദേഹത്തിന്റെ മുൻ പ്രതികരണവും വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ പരാമർശത്തിലും പിന്നീട് സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
തൃശൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പുതിയ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും നിലവിലെ പ്രതികരണവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയരുന്നത്.


