തിരുവനന്തപുരം: കൊണ്ടോട്ടി സബ് ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാര്‍ഗ്ഗം തടഞ്ഞുവെച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തിരിക്കുന്നത്. ഏജന്റുമാര്‍ മുഖേനയല്ലാതെ നേരിട്ട് ആര്.ടി ഓഫീസിനെ സമീപിച്ചു എന്നതും കൈക്കൂലി നല്കാന് തയ്യാറായില്ല എന്നതുമാണ് ഷൗക്കത്തലി ചെയ്ത തെറ്റെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മുന്‍പ് ഇതേ അവസ്ഥയില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്ന വാഹനത്തിന്, നിസ്സാരമായ ബോഡി വര്‍ക്കിന്റെയും മോഡിഫിക്കേഷന്റെയും പേരുപറഞ്ഞ് പത്തു മാസത്തോളമാണ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ജീവിക്കാന്‍ മറ്റു വഴികളില്ലാതെ ഉപജീവനമാര്‍ഗ്ഗം പൂര്‍ണ്ണമായും അടഞ്ഞപ്പോഴാണ് ആ ചെറുപ്പക്കാരന് സ്വന്തം ജീവന് ഉപേക്ഷിക്കേണ്ടി വന്നത്. തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫും ഇന്നത്തെ മുഖ്യമന്ത്രിയും നല്കിയ വാഗ്ദാനങ്ങളുടെ പച്ചയായ ലംഘനമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.


