കാഠ്മണ്ഡു: വടക്കൻ നേപ്പാളിൽ കനത്ത നാശംവിതച്ച പ്രളയത്തിനും മണ്ണിടിച്ചിലിനും പിന്നാലെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ വാർത്തകൾ പുറത്ത് വരുന്നു. മൂന്ന് ദിവസത്തോളം ചെളിക്കും കെട്ടിടാവശിഷ്ടങ്ങൾക്കും അടിയിൽ കുടുങ്ങിക്കിടന്ന ആറുവയസുകാരിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തിരിക്കുകയാണ്. ദുരന്തബാധിത മേഖലയായ രസുവ ജില്ലയിലെ തിമൂരെയിൽ നിന്നാണ് നേപ്പാൾ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഭോട്ടെ കോശി നദിയിലെ പ്രളയത്തെത്തുടർന്ന് ഒറ്റപ്പെട്ടുപോയവർക്കായി നടത്തിയ തിരച്ചിലിനിടെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുട്ടിയുടെ കരച്ചിൽ രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്ത് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് തിമൂരെയിലെ ബോർഡർ ഔട്ട്പോസ്റ്റിൽ പ്രാഥമിക ചികിത്സ നൽകി. മോശം കാലാവസ്ഥയും രാത്രിയായതും കാരണം വെള്ളിയാഴ്ച കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചിരുന്നില്ല. തുടർന്ന് ശനിയാഴ്ച എയർലിഫ്റ്റ് ചെയ്ത് കാഠ്മണ്ഡുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.




