കൊൽക്കത്ത: ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനായി ടിക്കറ്റെടുത്ത 33,000 പേർക്ക് പണം തിരിച്ചുനൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ദേശീയ കായികദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പണം തിരിച്ചുനൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ 13നാണ് മെസ്സി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. താരത്തെ കാണാൻ വൻ ജനക്കൂട്ടമാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. 4,000 മുതൽ 6,000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ചിലർ 10,000 രൂപ വരെ നൽകി ടിക്കറ്റ് സ്വന്തമാക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പരിപാടി സംഘാടനത്തിലെ പിഴവുകൾ മൂലം അലങ്കോലമായി. മെസ്സിക്കൊപ്പം സെൽഫിയെടുക്കുന്നതിനായി ഗ്രൗണ്ടിൽ വി.ഐ.പികൾ കൂട്ടത്തോടെ എത്തിയതോടെ ഗ്യാലറിയിൽ പണം നൽകി കാത്തിരുന്ന ആരാധകർക്ക് താരത്തെ കാണാൻ പോലും സാധിച്ചില്ല. ഇതോടെ കാണികൾ പ്രതിഷേധിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുകയും ചെയ്തു.
ആൾക്കൂട്ടം നിയന്ത്രിക്കാൻ സംഘാടകർക്ക് കഴിയാതെ വന്നതോടെ മെസ്സി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. തുടർന്ന് പ്രതിഷേധം ശക്തമാകുകയും കാണികൾ ഗ്രൗണ്ടിലേക്ക് ഇറങ്ങുകയും ഗ്യാലറിയിലെ കസേരകൾ തകർക്കുകയും കുപ്പികൾ വലിച്ചെറിയുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. മെസ്സി താമസിച്ച ഹോട്ടലിന് മുന്നിലും വൻ ജനക്കൂട്ടം തടിച്ചുകൂടി.
സംഭവം കൊൽക്കത്തയുടെ ഫുട്ബോൾ പാരമ്പര്യത്തിന് തന്നെ നാണക്കേടായെന്ന വിമർശനം ഉയർന്നു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപിയും രംഗത്തെത്തി. പരിപാടിയുടെ സംഘാടകനായ സതദ്രു ദത്തയെ പിന്നീട് അറസ്റ്റ് ചെയ്തു. അന്നത്തെ കായികമന്ത്രി അനിൽ ബിശ്വാസിന് രാജിവെക്കേണ്ടിയും വന്നു. തുടർന്ന് കായികവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു.
ടിക്കറ്റ് തുക തിരിച്ചുനൽകണമെന്ന ആവശ്യം ആരാധകർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. അന്വേഷണത്തിൽ ടിക്കറ്റ് വിൽപനയിലൂടെ സംഘാടകർ ഏകദേശം 19 കോടി രൂപ സമാഹരിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സതദ്രു ദത്തയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിക്കുകയും ചെയ്തു. എന്നാൽ ടിക്കറ്റ് തുക ആരാധകർക്ക് തിരികെ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് സർക്കാർ ഇപ്പോൾ പണം തിരിച്ചുനൽകാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.
കൊൽക്കത്തയ്ക്ക് പുറമെ മെസ്സി ഹൈദരാബാദും ഗുജറാത്തും സന്ദർശിച്ചിരുന്നു. കേരളത്തിലും മെസ്സിയെ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് ടിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തട്ടിപ്പ് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പശ്ചിമ ബംഗാൾ സർക്കാർ ആരാധകർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മുൻ ഹോക്കി താരം ഗുർബക്‌സ് സിങ്, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ കല്ല്യാൺ ചൗബേ എന്നിവർ പങ്കെടുത്ത ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരഞ്ഞെടുത്ത കായികതാരങ്ങൾക്ക് സർക്കാർ സർവീസിലെ നിയമന ഉത്തരവും ചടങ്ങിൽ കൈമാറി.
കഴിഞ്ഞ 11 വർഷമായി ഈ നിയമന ഉത്തരവുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കെട്ടിക്കിടക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും വിവിധ ദേശീയ ടീമുകളിലും പശ്ചിമ ബംഗാളിന്റെ സാന്നിധ്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കായികമേഖലയുടെ വികസനത്തിനായി 100 കോടി രൂപ സർക്കാർ വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ വർഷം സംസ്ഥാനത്ത് 100 സ്റ്റേഡിയങ്ങൾ നിർമിക്കുമെന്നും പ്രഖ്യാപിച്ചു.












