തിരുവനന്തപുരം: യുവാക്കളെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കേസിൽ മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രധാന പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ. നാവായിക്കുളം ഡീസന്റ് മുക്ക് സ്വദേശി സുരേഷിനെയാണ് കല്ലമ്പലം പൊലീസ് പിടികൂടിയത്.
2023 ഡിസംബർ 31ന് രാത്രി ഒമ്പതോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഐരമൺനിലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷിനെയും സുഹൃത്തുക്കളെയും മറ്റൊരു സംഘം ചോദ്യം ചെയ്തതാണ് സംഘർഷത്തിന് തുടക്കമായത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ വിനേഷ്, നൗഫൽ, മനു, മുഹമ്മദ്, കൃഷ്ണപ്രസാദ് എന്നിവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്.
സംഭവത്തിന് പിന്നാലെ കല്ലമ്പലം പൊലീസ് സുരേഷിനൊപ്പമുണ്ടായിരുന്ന രണ്ടാം പ്രതി പ്രദീപിനെയും മൂന്നാം പ്രതി അൻസാറിനെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിലെ ഒന്നാം പ്രതിയായ സുരേഷ് അവധിക്ക് നാട്ടിലെത്തിയ ശേഷം വിദേശത്തേക്ക് മടങ്ങുകയായിരുന്നു.
ഖത്തറിൽ വെൽഡറായി ജോലി ചെയ്തിരുന്ന സുരേഷിനെ പിടികൂടുന്നതിനായി പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷിനെ കല്ലമ്പലം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.




