ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥനെ സിഐഡി കസ്റ്റഡിയിലെടുത്തു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര കുമാർ ഗംഗ്വാറിനെയാണ് കസ്റ്റഡിയിലെടുത്തത്.
മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി ഓഫീസർ തസ്തികയിലേക്ക് കെപിഎസ്‌സി നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നടപടി. തുടർച്ചയായി രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഗംഗ്വാറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളിയാഴ്ച സിഐഡി സംഘം ഗംഗ്വാറിനെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നിലവിൽ കർണാടക വ്യവസായ-വാണിജ്യ വകുപ്പിൽ എംഎസ്എംഇ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഗംഗ്വാർ ക്രമക്കേട് നടന്ന സമയത്ത് കെപിഎസ്‌സിയിലെ പരീക്ഷാ കൺട്രോളറായിരുന്നു. ഈ വർഷം മാർച്ചിലാണ് അദ്ദേഹത്തെ പരീക്ഷാ കൺട്രോളർ സ്ഥാനത്തുനിന്ന് മാറ്റിയത്.
കെപിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 23ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഗംഗ്വാറിന്റെ ബെംഗളൂരുവിലെയും ബറേലിയിലെയും വസതികളിൽ റെയ്ഡ് നടത്തിയിരുന്നു.
കേസ് ആദ്യം വിധാൻ സൗധ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് ജൂലൈ 28ന് അന്വേഷണം സിഐഡിക്ക് കൈമാറുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പിലേക്ക് വെറ്ററിനറി ഓഫീസർമാരെ നിയമിക്കുന്നതിൽ കെപിഎസ്‌സി ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയെന്നാണ് കേസ്.












