റിയാദ്: സൗദി അറേബ്യയെയും ജോർഡാനെയും ബന്ധിപ്പിക്കുന്ന അൽ ഹദീത അതിർത്തി ക്രോസിങ് വഴി പയറുവർഗങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 19.5 ലക്ഷം ആംഫെറ്റാമിൻ ഗുളികകൾ സൗദി കസ്റ്റംസ് അധികൃതർ പിടികൂടി. അൽ ജൗഫ് പ്രവിശ്യയിലെ അൽ ഖുറയ്യാത്ത് ഗവർണറേറ്റിലുള്ള രാജ്യത്തെ ഏറ്റവും വലിയ കര അതിർത്തി പോർട്ടിലാണ് വൻ ലഹരിവേട്ട നടന്നത്.
കസ്റ്റംസ് കേന്ദ്രങ്ങളിൽ സ്ഥാപിച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വക്താവ് ഹമൗദ് അൽ ഹർബിയാണ് ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന്റെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെയും സഹകരണത്തോടെ കള്ളക്കടത്ത് തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ലഹരിക്കടത്ത് ശ്രമങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും പിടിയിലാകുന്നവർക്ക് നിയമപ്രകാരമുള്ള വിട്ടുവീഴ്ചയില്ലാത്ത ശിക്ഷ ഉറപ്പാക്കുമെന്നും സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.


