ബെംഗളൂരു: റെക്കോർഡുകൾ തിരുത്തിയെഴുതുന്ന പതിവ് തുടർന്ന് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. ബെംഗളൂരുവിൽ നടക്കുന്ന ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോണിനായി അർധസെഞ്ചുറി നേടിയ വൈഭവ് 57 വർഷം പഴക്കമുള്ള റെക്കോർഡാണ് പഴങ്കഥയാക്കിയത്.
വെറും 42 പന്തുകളിൽ മൂന്ന് സിക്സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെയാണ് വൈഭവ് അർധസെഞ്ചുറി പൂർത്തിയാക്കിയത്. 15 വയസും 157 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ വൈഭവ്, ദുലീപ് ട്രോഫി ചരിത്രത്തിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
1969ൽ 16 വയസും 23 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ ലക്ഷ്മൺ സിങ്ങിന്റെ റെക്കോർഡാണ് വൈഭവ് മറികടന്നത്. 16 വയസും 307 ദിവസവും പ്രായത്തിൽ അർധസെഞ്ചുറി നേടിയ പിയൂഷ് ചൗളയാണ് പട്ടികയിൽ മൂന്നാമത്.
അതേസമയം, റെക്കോർഡ് നേട്ടത്തിനിടയിലും സെഞ്ചുറി നഷ്ടമായത് വൈഭവിന് നിരാശയായി. 81 പന്തിൽ 92 റൺസെടുത്താണ് താരം പുറത്തായത്. എട്ട് റൺസ് കൂടി നേടിയിരുന്നെങ്കിൽ ദുലീപ് ട്രോഫിയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നേടിയ താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ 36 വർഷം പഴക്കമുള്ള റെക്കോർഡും വൈഭവിന് സ്വന്തമാക്കാമായിരുന്നു.
മത്സരത്തിന്റെ ആദ്യ ദിനം ഈസ്റ്റ് സോണിന്റെ താൽക്കാലിക നായകന്റെ ചുമതലയും വൈഭവ് ഏറ്റെടുത്തു. ക്യാപ്റ്റൻ ഇഷാൻ കിഷൻ കൈത്തണ്ടയ്ക്കേറ്റ പരുക്കിനെ തുടർന്ന് മൈതാനം വിട്ടതോടെയാണ് ഏകദേശം ഒരു മണിക്കൂറോളം വൈഭവ് ടീമിനെ നയിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സെൻട്രൽ സോണിനെ 266 റൺസിന് ഈസ്റ്റ് സോൺ പുറത്താക്കി. മുകേഷ് കുമാർ, അഭിജിത് സർക്കാർ, മുഹമ്മദ് ഷമി, മുഹമ്മദ് കൗനൈൻ ഖുറൈഷി എന്നിവരുടെ മികച്ച ബൗളിങ് പ്രകടനമാണ് സെൻട്രൽ സോണിനെ പിടിച്ചുകെട്ടിയത്.
വൈഭവ് സൂര്യവംശിയുടെയും അഭിമന്യു ഈശ്വരന്റെയും ബാറ്റിങ് മികവിൽ ഈസ്റ്റ് സോൺ സെമിഫൈനലിൽ ശക്തമായ നിലയിലാണ്











