ആലപ്പുഴ: ശാവാശ്ശേരി ക്ഷേത്ര മൈതാനത്ത് ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ കമ്മിറ്റി അംഗത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പരിപാടിക്കിടെ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് സംഘം ചേർന്ന് കമ്മിറ്റി അംഗത്തെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
കോട്ടയം ജില്ലയിൽ നിന്ന് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ആയ്മനം സ്വദേശി വിനീത് സഞ്ജയ്, ചേർത്തല പത്താം വാർഡിൽ താമത്താൻ വെളിയിൽ സന്തോഷിന്റെ മകൻ മഹാദേവൻ, തണ്ണീർമുക്കം ഇരുപത്തിമൂന്നാം വാർഡിൽ കപ്പേള വിളി വീട്ടിൽ ജെയിംസ് ജോണിന്റെ മകൻ ജോൺ കെ. ജെയിംസ് എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ ചേർത്തലയിൽ നിന്ന് ഷൊർണൂരിലേക്ക് കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളിലാണ് പൊലീസ് പിടികൂടിയത്. വിനീത് സഞ്ജയ്ക്കെതിരെ അടിപിടി, ആക്രമണം തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് 11ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചേർത്തല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മഞ്ജു ലാലിന്റെ നിർദേശപ്രകാരം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ മഞ്ജു ദാസ്, സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജിത്ത് ലാൽ, സബ് ഇൻസ്പെക്ടർ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




