കൊച്ചി: എൽഡിഎഫ് മുന്നണിയിൽ തുടരാൻ താൽപര്യമില്ലെങ്കിൽ സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. കോൺഗ്രസുമായി ഊഷ്മളമായ ബന്ധം പുലർത്തുന്ന പാർട്ടിയാണ് സിപിഐയെന്നും, സിപിഐ ഏത് മുന്നണിയിൽ നിൽക്കണമെന്നത് അവരുടെ ആഭ്യന്തര തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് മുന്നണിയിൽ സിപിഐ നേരിടുന്ന അവഹേളനം അവർ അർഹിക്കുന്നതല്ലെന്നും വിഷ്ണുനാഥ് വ്യക്തമാക്കി. അയ്യായിരം വോട്ട് തികച്ചുണ്ടോ എന്ന് ചോദിച്ച് വർഷങ്ങളായി മുന്നണിയുടെ ഭാഗമായ സിപിഐയെ സിപിഐഎം നേതാക്കൾ പരിഹസിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സിപിഐക്ക് യുഡിഎഫുമായി നേരത്തെ ഊഷ്മളമായ ബന്ധമുണ്ടായിരുന്നുവെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ ഭാഗമായിരുന്ന കാലത്ത് അച്യുതമേനോനെപ്പോലുള്ള മികച്ച മുഖ്യമന്ത്രിയെ കേരളത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിലും കോൺഗ്രസിന്റെ മതേതര സംരക്ഷണ പോരാട്ടങ്ങളിൽ സിപിഐ ഉറച്ചുനിന്നിട്ടുണ്ടെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
എൽഡിഎഫിൽ തുടരാനോ സിപിഐഎമ്മുമായി ചേർന്ന് മുന്നോട്ടുപോകാനോ താൽപര്യമില്ലാത്ത സാഹചര്യമുണ്ടെങ്കിൽ സിപിഐ അത് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ഒരു രാഷ്ട്രീയ തീരുമാനം സിപിഐ സ്വയം പ്രഖ്യാപിച്ചാൽ മാത്രമേ യുഡിഎഫിന് അതിൽ അഭിപ്രായം പറയേണ്ടതുള്ളൂവെന്നും വിഷ്ണുനാഥ് പറഞ്ഞു.
ആർഎസ്പി സ്വന്തം നിലപാട് വ്യക്തമാക്കിയതിന് ശേഷമാണ് യുഡിഎഫ് അതിന്റെ നിലപാട് സ്വീകരിച്ചതെന്നും അതുപോലെ സിപിഐയും രാഷ്ട്രീയ തീരുമാനം സ്വയം എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട സാഹചര്യമില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
തെലങ്കാനയിൽ സിപിഐഎം കോൺഗ്രസിനൊപ്പം മുന്നണിയിൽ ചേരാതിരുന്നപ്പോൾ സിപിഐ കോൺഗ്രസിനൊപ്പം നിന്ന കാര്യം ചൂണ്ടിക്കാട്ടിയ വിഷ്ണുനാഥ്, സിപിഐയോടുള്ള ആ ബഹുമാനം കോൺഗ്രസിനെന്നും നിലനിൽക്കുന്നുണ്ടെന്നും വ്യക്തമാക്കി. എൽഡിഎഫിന്റെ ഭാഗമായി തുടരണമോയെന്നത് സിപിഐയുടെ ആഭ്യന്തര തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


