കോട്ടയം: വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ മനസ്സിലാക്കിയത്. കുട്ടികളുടെ ആഭരണങ്ങളും മോഷണം പോയവയിൽ ഉൾപ്പെടുന്നു. എന്നാൽ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് മാലകൾ മോഷ്ടാക്കൾ കൊണ്ടുപോയിട്ടില്ല.
സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സമാന രീതിയിൽ മുൻപ് മോഷണം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.


