തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ പ്രതിയായ കോൺഗ്രസ് മുൻ ഡി.സി.സി അംഗം ചേന്തി അനിലിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസ്. ഗൂഢാലോചന കുറ്റം ഉൾപ്പെടെ ചുമത്തി ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ചേന്തിയിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനം തടയാൻ അനിലും സംഘവും ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ചേന്തി അനിലിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. മുഖ്യമന്ത്രിയുടെ വാഹനം തടയുന്ന ദൃശ്യങ്ങൾ നേരത്തെ തന്നെ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
നിലവിൽ റിമാൻഡിൽ കഴിയുന്ന ചേന്തി അനിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി ഉത്തരവ് പറയാനിരിക്കെയാണ് പൊലീസിന്റെ പുതിയ നീക്കം. അനിലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കസ്റ്റഡി അനുവദിച്ചാൽ അനിലിന് ജയിലിൽ തുടരേണ്ടിവരും.
വെള്ളിയാഴ്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുനിന്ന് ശ്രീകാര്യം വഴി പോകുന്നതിനിടെയാണ് ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതെന്നാണ് കേസ്. പരിപാടി തന്റെ ഔദ്യോഗിക ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടില്ലെന്നും അതിനാൽ ഉദ്ഘാടനം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ ചേന്തി അനിൽ വാഹനത്തിന് മുന്നിൽ കയറി തടയുകയായിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയും അനിലും തമ്മിൽ വാക്കുതർക്കമുണ്ടായി. മര്യാദയ്ക്ക് സംസാരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ, ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും’ എന്ന് അനിൽ തിരിച്ചുചോദിച്ചെന്നാണ് പരാതി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഗൺമാൻമാർ അനിലിനെ പിടിച്ചുമാറ്റിയാണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്.
അതേസമയം, തനിക്കെതിരായ പൊലീസ് നടപടിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും താൻ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നും കസ്റ്റഡിയിലിരിക്കെ ചേന്തി അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് എൻ. ശക്തനാണ് നടപടി പ്രഖ്യാപിച്ചത്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിർദേശപ്രകാരമായിരുന്നു നടപടി.
ചേന്തി അനിൽ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.


