കോഴിക്കോട്: വടകരയ്ക്ക് സമീപം മുക്കാളി റെയിൽവേ സ്റ്റേഷനിൽ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. സംഭവത്തെ തുടർന്ന് കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഏകദേശം 45 മിനിറ്റോളം തടസപ്പെട്ടു. മുക്കാളി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം. ഇതിന്റെ ഭാഗമായി മണ്ണുമായി എത്തിയ മിനി ലോറിയാണ് പ്ലാറ്റ്ഫോമിൽ നിന്ന് ട്രാക്കിലേക്ക് മറിഞ്ഞത്.
അപകടസമയത്ത് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിൻ എത്താതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തെ തുടർന്ന് പരശുറാം എക്സ്പ്രസ്, വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ക്രെയിൻ ഉപയോഗിച്ച് ലോറി ട്രാക്കിൽ നിന്ന് മാറ്റിയ ശേഷമാണ് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ഏകദേശം 45 മിനിറ്റും മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരു മണിക്കൂറിലേറെയും വൈകിയാണ് സർവീസ് നടത്തിയത്.




