മലപ്പുറം: ദേശീയപാതയിൽ വെളിമുക്കിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കൊടിഞ്ഞി കാളംതിരുത്തി കൊല്ലംതൊടി സ്വദേശി തൻവീർ-സഫ്ന ഷെറിൻ ദമ്പതികളുടെ ഏക മകൾ സൂന നഹറാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടമുണ്ടായത്. കല്യാണവീട്ടിൽ നിന്ന് വലിയുമ്മയുടെ കൂടെ പോകണമെന്ന് കുട്ടി നിർബന്ധിച്ചതിനെ തുടർന്ന് സഫ്നയുടെ മാതാപിതാക്കൾക്കൊപ്പം പടിക്കലിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. യാത്ര ചെയ്തിരുന്ന കാർ നിയന്ത്രണം വിട്ട് ദേശീയപാതയിലെ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




