കുവൈത്ത് സിറ്റി: നിസ്സാരമായ ഒരു നോട്ടത്തെച്ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിലും തെരുവ് സംഘർഷത്തിലും കലാശിച്ചു. കുവൈത്തിലെ സുലൈബികാത്തിൽ സ്പോർട്സ് ക്ലബ്ബിന് പുറത്തുവെച്ചാണ് നാല് കുവൈത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്.
മേഖലയിൽ യുവാക്കൾ തമ്മിൽ വലിയ തോതിൽ സംഘർഷം നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി. ആക്രമണത്തിൽ ഉൾപ്പെട്ട നാല് യുവാക്കളെയും പൊലീസ് കണ്ടെത്തി. ഇവരിൽ രണ്ടുപേർക്ക് മുഖത്തും നെഞ്ചിലും പരിക്കേറ്റിരുന്നു.
സ്പോർട്സ് ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എതിർഭാഗത്തുള്ളയാൾ തങ്ങളെ തുറിച്ചുനോക്കിയത് ശ്രദ്ധയിൽപ്പെട്ടതാണ് സംഘർഷത്തിന് തുടക്കമായതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ യുവാക്കൾ മൊഴി നൽകി. എന്തിനാണ് നോക്കുന്നതെന്ന് ചോദിച്ചെങ്കിലും ഇയാൾ പ്രതികരിച്ചില്ല. തുടർന്ന് വാക്കുതർക്കമുണ്ടാകുകയും പിന്നീട് പരസ്പരം കൈയേറ്റം ചെയ്യുകയുമായിരുന്നു.
പരിക്കേറ്റ രണ്ട് യുവാക്കളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇവരെ വിട്ടയച്ചു. മറ്റ് രണ്ട് പേരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് നാല് യുവാക്കളും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയിരിക്കുന്നത്. സംഘർഷത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും സംഭവത്തിൽ ആരാണ് തുടക്കമിട്ടതെന്ന് വ്യക്തമാക്കുന്നതിനുമായി ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.



