തൃശൂർ: പുതുക്കാട് പൊലീസ് സ്റ്റേഷനിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്ഐ സി.എം. മഹേഷ്, സിപിഒമാരായ എം.യു. ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി. നവീൻകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ക്രിമിനൽ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാത്തതിലാണ് നടപടി. ജൂലൈ 19നാണ് സംഭവം നടന്നത്. തട്ടുകടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പൊലീസ് പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്.
പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ തൃശൂർ ഡിഐജി ടി. നാരായണനാണ് നാല് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിച്ചത്.




