ഷിംല: ഹിമാചൽ പ്രദേശിലെ ഐഐടി മാണ്ഡി ക്യാമ്പസിൽ പ്രദർശിപ്പിച്ച പോസ്റ്റർ വിവാദത്തിൽ. ശൂദ്രർ സവർണരെ സേവിക്കേണ്ടവരാണെന്ന തരത്തിലുള്ള ജാതീയ പരാമർശമാണ് പോസ്റ്ററിലുള്ളത്. ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിലാണ് വിവാദ പരാമർശം ഉൾപ്പെട്ടത്.
ഓഡിറ്റോറിയത്തിന് പുറത്ത് ‘ഭഗവദ്ഗീത – ദി ടൈംലെസ് വിസ്ഡം’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ സ്ഥാപിച്ചിരുന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവരുടെ കടമകൾ വിശദീകരിക്കുന്നതാണ് പോസ്റ്റർ. ബ്രാഹ്മണർ ദൈവത്തിന്റെ സന്ദേശം പ്രചരിപ്പിക്കണമെന്നും ക്ഷത്രിയർ സമൂഹത്തെയും ആത്മീയതയെയും സംരക്ഷിക്കണമെന്നും വൈശ്യർ സമ്പദ്വ്യവസ്ഥയെ നയിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യണമെന്നും പോസ്റ്ററിൽ പറയുന്നു.
അതേസമയം, ഉയർന്ന വർണത്തിലുള്ളവരെ സേവിക്കുക എന്നതാണ് ശൂദ്രരുടെ പങ്കെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിരുന്നു. ഇത് കാലഹരണപ്പെട്ട ചാതുർവർണ്യ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണെന്ന് വിദ്യാർഥികൾ ആരോപിച്ചു. പോസ്റ്റർ ക്യാമ്പസിലെ സമത്വത്തെയും സാമൂഹിക ഐക്യത്തെയും ബാധിക്കുന്നതാണെന്നും വിമർശനം ഉയർന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഐഐടി മാണ്ഡി ഡയറക്ടർ ലക്ഷ്മിന്ദർ ബെഹേര അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിയെന്ന് അദ്ദേഹം പ്രതികരിച്ചു.
ക്യാമ്പസിൽ ഒരു തരത്തിലുള്ള ജാതി വിവേചനവും പ്രോത്സാഹിപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഐഐടി അധികൃതർ അറിയിച്ചു. പോസ്റ്റർ തയ്യാറാക്കിയതും പ്രചരിപ്പിച്ചതും ആരാണെന്നും ഇത് ക്യാമ്പസ് പരിപാടിയുടെ ഭാഗമായത് എങ്ങനെയെന്നും അന്വേഷണത്തിലൂടെ കണ്ടെത്തും.
പരിപാടികൾക്കായി തയ്യാറാക്കുന്ന ഉള്ളടക്കം പരിശോധിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള നടപടിക്രമങ്ങളെക്കുറിച്ചും സംഭവത്തോടെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. പോസ്റ്റർ പ്രദർശിപ്പിക്കുന്നതിന് മുമ്പ് സ്ഥാപനതല പരിശോധന നടന്നിരുന്നോ എന്ന കാര്യത്തിലും നിലവിൽ വ്യക്തതയില്ല.



