നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നായിക സംവൃത സുനിൽ സിനിമയിലേക്ക് മടങ്ങി വരുന്നു. തങ്കം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഷഹീദ് അറഫാത്ത് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. നവരസ പ്രൊഡക്ഷൻ നമ്പർ 3 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്.
നവരസ ഫിലിംസിന്റെയും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ, പൂജ ചടങ്ങുകൾ നടന്നു. ശ്രീജിത്ത് കെഎസും കാർത്തികേയൻ എസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവർ സഹനിർമ്മാതാക്കളാണ്. കെട്ട്യോളാണ് എന്റെ മാലാഖ, അഡിയോസ് അമിഗോസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച തങ്കം ആണ് ചിത്രത്തിൻ്റെ രചന.
ദിലീഷ് പോത്തൻ, അൽഫോൺസ് പുത്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിൽ ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും ഭാഗമാണ്.


