കോഴിക്കോട്: അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വടകര തിരുവള്ളൂർ ടൗൺ ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്.
ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. തുടർന്ന് റോഡരികിലേക്ക് പാഞ്ഞുകയറിയ കാർ അവിടെ നിന്നിരുന്ന ആളുകളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും കാർ ഇടിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


