ഹൽദ്വാനി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതിയിൽ ഉത്തരാഖണ്ഡിൽ എട്ട് പേർക്കെതിരെ കേസ് എടുത്തു. അജ്ഞാതരായ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഖർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണ ചടങ്ങ് നടത്തിയ സംഘടനയ്ക്കും ഭാരവാഹികൾക്കുമെതിരെയാണ് പരാതി നൽകിയിരുന്നത്. സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ദളിത് എംപിമാർ നേരത്തെ മിന്നൽ പ്രതിഷേധം നടത്തിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തതായി അറിയിച്ചതോടെയാണ് എംപിമാർ പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം, എംപിമാർ നൽകിയ പരാതിയിൽ ഡൽഹിയിൽ ഇതുവരെ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ശ്രീരാം സേന എന്ന സംഘടനയാണ് ഖർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണം നടത്തിയത്. സാംസ്കാരിക, ആത്മീയ പരിപാടികൾക്ക് മാത്രമാണ് സാധാരണയായി വേദി ഉപയോഗിക്കുന്നതെന്നും രാഷ്ട്രീയ പരിപാടി നടത്തിയതിനാലാണ് ശുദ്ധീകരണം നടത്തിയതെന്നുമാണ് സംഘടനയുടെ വിശദീകരണം.
കോൺഗ്രസ് റാലിയിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെ ബിജെപി-സംഘപരിവാർ പ്രവർത്തകർ വേദി ശുദ്ധീകരിച്ചെന്നാണ് ഖർഗെയുടെ ആരോപണം. ദളിതനായതിനാലാണ് തനിക്ക് വിവേചനം നേരിട്ടതെന്നും രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഖർഗെ ആരോപിച്ചിരുന്നു.



